അമ്പതു വര്ഷത്തെ നാടിന്റെ വിദ്യാഭ്യാസചരിത്രം പറയുന്ന വട്ടേനാട് ഗവ. വൊക്കേഷണല്ഹയര്സെക്കന്ഡറി സ്കൂള് സുവര്ണ ജൂബിലി നിറവില്. കൂറ്റനാടിന്റെയും പരിസര പ്രദേശങ്ങളുടെയും വിദ്യാഭ്യാസ - സാംസ്കാരിക പൈതൃകത്തിന്റെ തൊടുകുറിയായി മാറിയ ഈ സ്കൂള് ഇന്ന് ജില്ലയിലേത്തന്നെ ഉയര്ന്ന വിജയ ശതമാനം നേടിയ സ്കൂളായി മാറിയിരിക്കുകയാണ്. തൃത്താല ബ്ലോക്കിന്റെ ഹൃദയഭാഗത്ത് കൂറ്റനാട്, വട്ടേനാട്പ്രദേശങ്ങളില് പശുപതി നമ്പൂതിരി, ശങ്കരക്കുറുപ്പ്, രാവുണ്ണി നായര് എന്നിവര് സംഭാവനയായി നല്കിയ മൂന്നേക്കര് സ്ഥലത്ത് 1961ല് നാട്ടുകാരുടെ കൂട്ടായ്മയില് നിര്മിച്ച കെട്ടിടത്തിലാണ് വട്ടേനാട് ഹൈസ്കൂള് പ്രവര്ത്തനം തുടങ്ങിയത്. സ്കൂളിന്റെ പ്രവര്ത്തന കാലയളവിലെ മികവ് പരിഗണിച്ച് സംസ്ഥാന സര്ക്കാരില്നിന്ന് കെട്ടിട നിര്മാണത്തിന് ഫണ്ട് അനുവദിക്കുകയുണ്ടായി. മികവിനൊപ്പം കുട്ടികളുടെ എണ്ണവും വര്ധിച്ചതോടെ സ്ഥലപരിമിതി കാരണം 1971ല് ഈ സ്കൂള് സെഷണല്സമ്പ്രദായത്തിലേക്കു മാറുകയായിരുന്നു. 40 വര്ഷം തുടര്ന്ന സെഷണല്സമ്പ്രദായം 2008-09 അധ്യയന വര്ഷമാണ് അവസാനിച്ചത്. 1990 വരെ നാട്ടുകാരുടെ സഹായത്തോടെയാണ് സ്കൂളിലെ ഭൗതിക സാഹചര്യങ്ങള് മെച്ചപ്പെടുത്തിയത്. പിന്നീട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് ഇടപെട്ട് ഈ സ്കൂളിനു പല സഹായങ്ങളും ലഭ്യമായി. സമൂഹത്തിന്റെ നാനാ തുറകളില് തിളങ്ങിയ പൂര്വ വിദ്യാര്ഥികള് ഈ സ്കൂളിന്റെ മുതല്ക്കൂട്ടാണ്